കസ്തൂരി മഞ്ഞൾ
ഇഞ്ചി, മഞ്ഞൾ, മാങ്ങ-ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്ന പോലെയാണ് കസ്തൂരി മഞ്ഞളും കൃഷി ചെയ്യുന്നത്. കസ്തൂരി മഞ്ഞൾ തണൽ ഇഷ്ട്ടപ്പെടുന്ന ഒരു കാർഷിക വിളയാണ്. നാളികേരത്തോട്ടങ്ങളിലോ മറ്റ് വൃക്ഷവിളകളിലോ ഒരു ഇടവിളയായി ഇതിനെ നന്നായി ഉൾക്കൊള്ളാൻ കഴിയും. പച്ചക്കറികൾ പോലുള്ള മറ്റ് ഹ്രസ്വകാല വിളകൾക്കൊപ്പം സമ്മിശ്ര രീതിയിലും വീടിന് ചുറ്റുവട്ടത്തും ഇതിനെ വളർത്താം.
വേനല്‍ മഴ തുടങ്ങുന്ന ഏപ്രിൽ-മെയ് മാസങ്ങളിൽ 3 മീറ്റർ നീളവും 1 മീറ്റർ വീതിയും 25 സെന്റിമീറ്റർ ഉയരവും 40 സെന്റിമീറ്റർ അകലവും ഉള്ള പണകൾ തയ്യാറാക്കുക. 25 x 25 സെന്റിമീറ്റർ അകലത്തിൽ പണകൾക്ക് മുകളിലായി തേങ്ങാമുറി വലിപ്പത്തിലുള്ള ചെറിയ കുഴികൾ എടുത്ത് 1/5 കിലോ ഉണങ്ങിയതും പൊടിച്ചതുമായ ചാണകം നിറയ്ക്കുക. ചാണകത്തിനു പകരം കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ജൈവ വളം എന്നിവ മതിയാകും. ഓരോ കുഴികളിലും ജൈവ വളം പ്രയോഗിക്കുന്നതിനുപകരം, ഒരു പണക്ക് 25 കിലോ ജൈവ വളം മൊത്തത്തിൽ നൽകി മണ്ണിൽ നന്നായി സംയോജിപ്പിക്കുകയും ചെയ്യാം. കുറഞ്ഞത് ഒരു മുകുളത്തോടുകൂടിയ 15 ഗ്രാം ഭാരമുള്ള മൂലകാണ്ഡം 5 സെന്റിമീറ്റർ ആഴത്തിൽ നട്ടുപിടിപ്പിക്കുന്നു. ഹെക്ടറിന് ഏകദേശം 1500 കിലോഗ്രാം വിത്ത് ആവശ്യമാണ്.
നടീലിനുശേഷം ഉടൻ പച്ചയോ, ഉണങ്ങിയതോ ആയ ഇലയോ മറ്റേതെങ്കിലും അനുയോജ്യമായ ജൈവഅസംസ്‌കൃതപദാര്‍തഥങ്ങളോ കൊണ്ട് പുതയിടാൻ ശ്രദ്ധിക്കണം . ഇത് മണ്ണിന്റെ ഈർപ്പം നിലനിർത്തി വിത്ത് മൂലകാണ്ഡത്തെ ഉണങ്ങാതിരിക്കാൻ സഹായിക്കുകയും , മഴക്കാലത്ത് മണ്ണൊലിപ്പ് തടയുകയും , മിത്രസൂക്ഷ്മാണുക്കളുടെ വളർച്ച വർദ്ധിപ്പിച്ചു മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടുകയോ ചെയ്യും. അങ്ങനെ വിളയ്ക് നല്ല വളർച്ചയും ഉൽപാദനക്ഷമതയും ഉറപ്പാക്കുന്നു. രണ്ട് മാസത്തിന് ശേഷം പുതയിടൽ ആവർത്തിക്കുന്നത് നല്ലതാണ്. ഒന്നും രണ്ടും മാസങ്ങളിൽ കളകൾ നീക്കം ചെയ്യുക, ആവശ്യമെങ്കിൽ ആവർത്തിക്കുക. നടീലിനുശേഷം രണ്ടുമാസം കഴിഞ്ഞ് കിടക്കകൾ ഉയർത്തുക, ആവശ്യമെങ്കിൽ ആവർത്തിക്കുക. മഴയുടെ അഭാവത്തിൽ 3-4 തവണ ജലസേചനം നൽകാം.
ചെറുകിട കൃഷിക്ക് കീടങ്ങളുടെ ആക്രമണം സാധാരണമല്ല. വലിയ തോതിലുള്ള ആവർത്തിച്ചുള്ള കൃഷിയിൽ സ്റ്റെം ബോറർ ആക്രമണം സാധാരണമാണ്. ആസാദിരാച്ചിന്‍ (azadirachtin) പോലുള്ള ജൈവ കീടനാശിനികൾ പ്രയോഗിച്ച് ഇത് നിയന്ത്രിക്കാം. കസ്തൂരി മഞ്ഞൾ റൈസോമുകൾ ഔഷധത്തിനും സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനാൽ ജൈവകൃഷി മാത്രമേ സ്വീകരിക്കാവൂ.
വിളവെടുത്ത റൈസോമുകൾ വെള്ളം ഉപയോഗിച്ച് നന്നായി വൃത്തിയാക്കി വാഴ ചിപ്സ് പോലുള്ള നേർത്ത കഷ്ണങ്ങളാക്കി മുറിക്കുന്നു. ഇത് 4-5 ദിവസം സൂര്യനു കീഴെ ഉണക്കി ചെറിയ അളവിൽ മിക്സർ ഗ്രൈൻഡറിലും വലിയ അളവിൽ മില്ലുകളിലും വച്ചു കസ്തൂരി മഞ്ഞൾപ്പൊടി തയ്യാറാക്കുന്നു. പുതിയ റൈസോമിന് 20-25 ശതമാനം പൊടി വീണ്ടെടുക്കാനാകും.
കസ്തൂരി മഞ്ഞൾപ്പൊടി ശുദ്ധമായ റോസ് വാട്ടർ, പാൽ, തൈര്, തേൻ അല്ലെങ്കിൽ വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കി ഫെയ്സ് ക്രീം അല്ലെങ്കിൽ ഫെയ്സ് പായ്ക്ക് ആയി പ്രയോഗിക്കാം. ഇതിന്റെ പതിവ് ഉപയോഗം (2-3 ആഴ്ച) ആരോഗ്യകരമായ ചർമ്മവും മുഖത്തിന് ആകർഷകമായ തിളക്കവും പുതുമയും നൽകുന്നു.മുഖക്കുരുവിനും കുറവുണ്ടാകും.
കച്ചോലം
ഇഞ്ചിയും മഞ്ഞളും പോലെ കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്ന ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് കച്ചോലം. മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ വിളകള്‍ ഉള്‍പ്പെടുന്ന സിഞ്ചിബെറേസിയെ എന്ന സസ്യകുടുംബത്തിലെ അംഗമാണ് ഈ ഔഷധസസ്യം. കേംപ്‌ഫെറിയ ഗലന്‍ഗ എന്നതാണ് ശാസ്ത്രീയ നാമം. കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിന്‍ത്തോട്ടങ്ങളില്‍ ഇടവിളയായും കൃഷി ചെയ്യാം. തെങ്ങിന്‍ത്തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ കിഴങ്ങുകളുടെ വിളവും ഔഷധഗുണവും കൂടുതലായിരിക്കുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തണല്‍ ഇഷ്ടപ്പെടുന്ന ഔഷധസസ്യമാണ് കച്ചോലം. ആദ്യകാലങ്ങളില്‍ റബ്ബര്‍ത്തോട്ടങ്ങളിലും ഇടവിളയായി കൃഷി ചെയ്യാം. മണ്ണിന് മുകളില്‍ വ്യക്തമായ തണഅടുകള്‍ ഉല്പാദിപ്പിക്കാത്ത കച്ചോലത്തിന്റെ ഇലകള് നിലത്ത് പതിഞ്ഞ് മണ്ണിനോട് പറ്റിച്ചേര്‍ന്ന് വളരും. വൃത്താകൃതിയിലോ ദീര്‍ഘാകൃതിയിലോ സാമാന്യം വലിപ്പമുള്ളതാണ് ഇലകള്‍. നല്ല മിനുമിനുപ്പും തിളക്കവും ഇവയ്ക്കുണ്ട്. മണ്ണിനടിയില്‍ ഉദ്പാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്. കിഴങ്ങുകളാണ് നടീല്‍ വസ്തുക്കള്‍. കേരളത്തില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും വനപ്രദേശങ്ങളിലും മറ്റു ഇപ്പോള്‍ കച്ചോലം കാണാറേയില്ല. ദക്ഷിണേന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന 100ാളം ഔഷധ സസ്യങ്ങളുടെ ചുവപ്പന്‍ പട്ടികയിലാണ് കച്ചോലത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയാണഅ കച്ചോലത്തിന്റെ ഉത്ഭവ കേന്ദ്രം. കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കൃഷി.
59ാളം ആയുര്‍വ്വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ് കച്ചോലം. സൗന്ദര്യവര്‍ധക വസ്തുക്കളിലും സുഗന്ധവ്യഞ്ജന കൂട്ടുകളിലും കച്ചോലം ഉപയോഗിക്കുന്നു. ദശമൂലാരിഷ്ടം, വലിയ രാസ്‌നാദി കഷായം, അഗസ്ത്യരസായനം, വലിയ നാരായണ തൈലം എന്നിവയിലെല്ലാം തന്നെ കച്ചോലം ചേരുവയാണ്. ഉദരരോഗങ്ങള്‍ക്കും ആസ്ത്മ, ചുമ, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുമെതിരെ ഉത്തമമായ ഔഷധമാണ് കച്ചോലം വിരശല്യം, നീണ്ടുനില്‍ക്കുന്ന ഛര്‍ദ്ദി, കുട്ടികളിലെ ഉദരരോഗങ്ങള്‍, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്. നേത്ര ശുദ്ധിക്കും കച്ചോലം നല്ലതാണ് കച്ചൂരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂര്‍ണ്ണം തുടങ്ങിയ ആയുര്‍വ്വേദ ഔഷധങ്ങളിലും കച്ചോലം പ്രധാന ചേരുവയാണ്. കച്ചോലത്തിന്റെ ഉണങ്ങിയ കിഴങ്ങിന്റെ പൊടി തേനില്‍ ചാലിച്ച് കഴിക്കുന്നത് ചുമയും ഛര്ദ്ദിയും ശമിപ്പിക്കും. കച്ചോലം ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഒരു ടീസ്പൂണ്‍ വീം രാവിലെ കൊടുക്കുന്നത് കുട്ടികളിലെ വിരശല്യത്തിന് പ്രതിവിധിയാണ് . നാരങ്ങാനീര് , ഇഞ്ചി എന്നിവ ഒരു സ്പൂണ്‍ കച്ചോലത്തിന്റെ ഉണങ്ങിയ കിഴങ്ങിന്റെ പൊടിയുമായി ചേര്‍ത്ത് നല്‍കുന്നത് കുട്ടികളിലെ ഉദരരോഗങ്ങളെ സുഖപ്പെടുത്തും.
ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഔഷധസസ്യമാണ് കച്ചോലം . കേരളത്തില്‍ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലുമാണ് ഏറ്റവും നല്ല കച്ചോലം ലഭിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയും ജൈവാംശവും ഫലപുഷ്ടിയുമുള്ള മണ്ണാണ് കൃഷിയ്ക്ക് അനുയോജ്യം. ജൈവാംശം കൂടുതലുള്ള വെട്ടുകല്‍ മണ്ണും കച്ചോലത്തിന്റെ കൃഷിക്ക് ചേര്‍ന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യാം. ആണ്ടില്‍ 150 മുതല്‍ 250 വരെ സെന്റിമീറ്റര്‍ മഴ വേണം. ചുരുങ്ങിയ കാലം കൊണ്ട് ആദായം നല്‍കുന്ന ഔഷധസസ്യവിളയാണ് കച്ചോലം. കച്ചോലത്തില്‍ നാടന്‍ ഇനങ്ങളാണ് കൂടുതലും കൃഷി ചെയ്തുവരുന്നത്. ഉല്‍പ്പാദന ശേഷി കൂടിയ കച്ചോലം ഇനങ്ങളാണ് കേരളകാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര് കോളേജില്‍ നിന്ന് പുറത്തിറക്കിയ രജനിയും കസ്തൂരിയും. ക്ലോണല്‍ നിര്‍ധാരണത്തിലൂടെയാണ് ഈ രണ്ട് ഇനങ്ങളും വികസിപ്പിച്ചത്. ഇളം തവിട്ട് നിറത്തിലുള്ള വലിയ കിഴങ്ങുകളാണ് കസ്തൂരി ഇനത്തിന്റേത്. തഴച്ചുവളരുന്ന ഈ ഇനം നല്ല വലിപ്പമുള്ള കൂടുതല്‍ ഇലകള്‍ ഉദ്പാദിപ്പിക്കും. ഒരേക്കറില്‍ നിന്ന് 900 കിലോഗ്രാം ഉണങ്ങിയ കിഴങ്ങ് ലഭിക്കും. ുഗന്ധതൈല ചേരുവകള്‍ക്ക് ഈ ഇനത്തിന്റെ കിഴങ്ങ് ഉപയോഗിക്കാം. ചെറിയ ഇലകളാണ് രജനി എന്ന ഇനത്തിന്റേത്. ഇലയുടെ എണ്ണം കുറവായിരിക്കും. ഇടത്തരം വലിപ്പമുള്ള ഉരുണ്ടകിഴങ്ങുകള്‍ കൂടുതലായി ഈ ഇനം ഉദ്പാദിപ്പിക്കും. ഔഷധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ ഇനമാണ് രജനി. കിഴങ്ങുകള്‍ക്ക് ക്രീം കലര്‍ന്ന വെള്ളനിറമാണ്. ഈ ഇനം ഏക്കറിന് 870കിലോഗ്രാം ഉണങ്ങിയ കിഴങ്ങ് ഉദ്പാദിപ്പിക്കും.
കിഴങ്ങുകള്‍ മുഴുവനായോ ആരോഗ്യമുള്ള ഒരു മുളയോട് കൂടിയ കഷണങ്ങളായോ നടാവുന്നതാണ്. നന്നായി വളര്‍ച്ച എത്തിയതും രോഗവിമുക്തമായ വിത്തുകള്‍ വേണം നടാന്‍. നടുന്നതിന്റെ രണ്ടാഴ്ച്ച മുമ്പ് പാണലിന്റെ ഇലകള്‍ കത്തിച്ച് വിത്തുകള്‍ പുകയ്ക്കുന്നത് കൂടുതല്‍ അങ്കുരണവും മുളകള്‍ക്ക് കരുത്തും ഉറപ്പാക്കും. നടാനുള്ള വിത്തുകള്‍ തണലത്തോ വശങ്ങള്‍ മണ്ണോ ചാണകമോ മെഴുകിയ കുഴികളിലോ സൂക്ഷിക്കാം. ആദ്യത്തെ വേനല്‍ മഴ ലഭിക്കുന്നതോടെ കച്ചോലം നട്ടുതുടങ്ങണം. നടാനുള്ള സ്ഥലം നന്നായി ഉഴുത് നിരപ്പാക്കി കളകള്‍ നീക്കം ചെയ്ത് വൃത്തിയാക്കണം. ഒരു മീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവും സൗകര്യപ്രദമായ നീളവുമുള്ള വാരങ്ങളെടുത്ത് അതില്‍ വിത്തുകള്‍ നടാം. വാരങ്ങളില്‍ 20*15 സെന്റിമീറ്റര്‍ അകലത്തില്‍ നാലഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ കുഴികളെടുത്ത് അതില്‍ കിഴങ്ങുകള്‍ നടണം. ഒരേക്കര്‍ കൃഷി ചെയ്യാന്‍ 200-300 കിലോഗ്രാം വിത്ത് വേണ്ടി വരും.
രാസവളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന ചെടിയാണ് കച്ചോലം. ഏക്കറിന് 12 ടണ്‍ എന്ന നിരക്കില്‍ കാലിവളമോ കമ്പോസ്‌റ്റോ മണ്ണില്‍ അടിവളമായി ഉഴുത് ചേര്‍ക്കണം. അല്ലെങ്കില്‍ നട്ടതിന് ശേഷം വിത്ത് മൂടത്തക്കവിധം വിതറിക്കൊടുത്താലും മതി. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കളശല്യം തീര്‍ത്തും ഒഴിവാക്കണം. നട്ടതിന് ശേഷം ഏക്കറിന് ആറ് ടണ്‍ എന്ന നിരക്കില്‍ പച്ചയിലയോ ഉണക്കയിലയോ കൊണ്ട് തടങ്ങളില്‍ പുതയിടണം. നട്ട ശേഷം 45 ഉം 90 ഉം ദിവസങ്ങളില്‍ കളയെടുക്കണം. വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ രണ്ട്- മൂന്ന് തവണ മണ്ണ് മാറ്റിക്കൊടുക്കണം. ഒന്നാമത്തെയും രണ്ടാമത്തെയും ഏക്കറിന് 20 കിലോഗ്രാം വീതം എന്‍പികെ വളങ്ങള്‍ നല്‍കാം. മൂന്ന് മാസമാകുന്നതോടെ ഇലകള്‍ നിലത്തോട് ചേര്‍ന്ന് വളരുമെന്നതിനാല്‍ പിന്നീട് കളയെടുപ്പ് വേണ്ടിവരില്ല.
കനത്തമഴയുണ്ടാകുന്ന അവസരങ്ങളില്‍ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. മഴക്കാലത്ത് ഇലചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം കൊണ്ട് മണ്ണ് കുതിര്‍ക്കണം. നിമാവിരകളുടെ ശല്യം നിയന്ത്രിക്കാന്‍ വിത്ത് മൂന്ന് ശതമാനം സ്യൂഡോമൊണാസ് ഫ്‌ലൂറെസെന്‍സ് ഉപയോഗിച്ച് പുരട്ടണം. നട്ട് മുപ്പത് ദിവസം കഴിയുമ്പോള്‍ ആര്യവേപ്പ് അല്ലെങ്കില്‍ ശീമക്കൊന്നയുടെ പച്ചയിലകൊണ്ട് ചതുരശ്രമീറ്ററിന് അഞ്ച് കിലോഗ്രാം എന്ന നിരക്കില്‍ പുതയിടുന്നതും നിമാവിരകളുടെ ആക്രമണം ചെറുക്കും.
നട്ട് ഏഴ് മാസം കഴിയുന്നതോടെ കച്ചോലം വിളവെടുപ്പിന് പാകമാകും. ഇലകള്‍ കരിഞ്ഞുണങ്ങി തുടങ്ങുമ്പോള്‍ കിഴങ്ങുകള്‍ വിളവെടുക്കാം. ഡിസംബര്‍ – ജനുവരി മാസമാണ് വിളവെടുപ്പ് കാലം. ഇലകള്‍ കരിഞ്ഞ് തുടങ്ങി ഒന്ന് രണ്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ വിളവെടുക്കാം. മണ്ണ് കിളച്ച് കിഴങ്ങുകള്‍ക്ക് മുറിവേല്‍ക്കാത്ത വിധത്തില്‍ വേണം വിളവെടുക്കാന്‍. ഇലകളും വേരുകളും നീക്കി കിഴങ്ങ് കഴുകി വൃത്തിയാക്കണം. കിഴങ്ങുകള്‍ വൃത്തിയും മൂര്‍ച്ചയുമുള്ള കത്തികൊണ്ട് അഗ്രഭാഗമൊഴികെ ഒരു പോലെ കനത്തില്‍ വട്ടത്തില്‍ അരിയണം. അഗ്രഭാഗം പ്രത്യേകമായി അരിയണം. അരിഞ്ഞ കഷണങ്ങള്‍ വൃത്തിയുള്ള തറയില്‍ ഒരേപോലെ നിരത്തി നാല് ദിവസം ഉണങ്ങാന്‍ അനുവദിക്കണം. നാലാമത്തെ ദിവസം രാത്രിയില്‍ ഇത് കൂനകൂട്ടി സൂക്ഷിക്കണം. അടുത്ത ദിവസം വീണ്ടും നിരത്തി ഉണക്കണം. ഇത് വൃത്തിയാക്കി സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യാം. കച്ചോലം കൂടുതല്‍ കാലം സംഭരിച്ച് സൂക്ഷിച്ചാല്‍ കീടബാധ കൊണ്ടോ കുമിള്‍ ബാധ കൊണ്ടോ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. സംസ്‌കരിച്ച കച്ചോലത്തിന് ഗള്‍ഫ് നാടുകളില്‍ നല്ല ഡിമാന്റാണ്. അറബികള്‍ ശവസംസ്‌കാരത്തിന് ഉപയോഗിക്കുന്ന പ്രധാന സുഗന്ധദ്രവ്യങ്ങളില്‍ ഒന്നുകൂടിയാണ് കച്ചോലം. അരിഞ്ഞുണങ്ങിയ കഷണങ്ങള്‍ ആവി ഉപയോഗിച്ച് വാറ്റുമ്പോള്‍ രണ്ട് – മൂന്ന് ശതമാനം സുഗന്ധ തൈലം ലഭിക്കും . ഉണങ്ങിയ കച്ചോലത്തിന് കിലോഗ്രാമിന് 1000രൂപ വരെ വില ലഭിക്കും.
കിളച്ചോ ഉഴുതോ ഒരുക്കിയ സ്ഥലത്ത് ഏക്കറിന് 4 ടൺ ഉണങ്ങി പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ അടിവളമായി നൽകി കൂവ നടാം. നടാനായി ഒരു മീറ്റർ വീതിയിൽ 15-20 സെന്റീമീറ്റർ ഉയരത്തിൽ വാരങ്ങളെടുത്ത് അതിൽ 30x30 സെന്റീമീറ്റർ അകലത്തിൽ നടുന്നത് നല്ലതാണ്. കൂനകൾ കൂട്ടിയും നടാവുന്നതാണ്.
നട്ട ഉടനെതന്നെ പുതയിട്ട് കൊടുക്കണം. കരിയിലയോ പച്ചിലയോ തെങ്ങോലയോ അനുയോജ്യമായ മറ്റ് ജൈവ വസ്തുക്കളോ ഉപയോഗിച്ച് പുതയിടാം. ഇത് കളകൾ മുളയ്ക്കുന്നത് തടയുകയും മണ്ണിലെ ഈർപ്പം നിലനിറുത്തുകയും അതിമഴയിൽ മണ്ണ് തറഞ്ഞുപോകാതെ സംരക്ഷിക്കുകയും അതുവഴി ഉത്പാദന വർദ്ധനവ് നൽകുകയും ചെയ്യും.
കളകൾ നീക്കി മണ്ണിളക്കി മേൽവളം നൽകുന്നതാണ് കാര്യമായ കൃഷിപ്പണികൾ. ഇടയിളക്കി മണ്ണ് കൂട്ടുന്നത് വിള വർദ്ധന നൽകും.
കൂവയിൽ ഇതുവരെ കാര്യമായ രോഗബാധ കണ്ടിട്ടില്ല. കീടങ്ങളിൽ എലിയാണ് കൂവയുടെ ശത്രു.
ഏകദേശം 10-11 മാസം മൂപ്പുണ്ട് കൂവയ്ക്ക്. തണ്ട് ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാം. ഏക്കറിന് 8-10 ടൺ വിളവ് ലഭിക്കും.
കൈത
ഉഷ്ണ മേഖലാ സസ്യമായ കൈത നീർവാർച്ചയുള്ള ഏതു സ്ഥലത്തും നന്നായി വളരും, ഒരു തവണ നട്ടു വളർത്തിയാൽ നാലോ അഞ്ചോ തവണ വിളവെടുക്കാം . കൈതയുടെ കന്നും ,ചിനപ്പും, തലപ്പും നട്ടു വളർത്താമെങ്കിലും ഇലയിടുക്കിൽ നിന്ന് വളരുന്ന കന്നുകൾ തന്നെയാണ് നടുവാൻ ഏറ്റവും ഉത്തമം. മെയ്-ജൂൺ മാസം കൈത നടാവുന്നതാണ് . കനത്ത മഴയത്തു നാടാണ് പാടില്ല. 15 മുതൽ 20 ഇലകൾ ഉള്ളതും ,500 മുതൽ 1000 ഗ്രാം ഭാരമുള്ളതുമാകണം ഓരോ കന്നും . 15 -20 cm ആഴത്തിൽ ചാലുകളെടുത്തു ഇരട്ട വരികളായി ചെടികൾ തമ്മിൽ 30 ഉം വരികൾ തമ്മിൽ 70 cm ഉം അകലത്തിൽ നടാം. കാലി വളം, കോഴി വളം, തുടങ്ങിയ ജൈവ വളങ്ങൾ ലഭ്യതയനുസരിച്ചു കന്നു നടുന്ന കുഴികളിൽ ചേർത്ത് വേണം നടീൽ തുടങ്ങാൻ.
തൈകൾ നട്ടു 18 -24 മാസത്തിനുള്ളിൽ ആദ്യ വിളവ് ലഭിക്കും
ഇഞ്ചി
ഏലം കഴിഞ്ഞാൽ കേരളത്തിൽ വളരെ പ്രാധാന്യമുള്ള സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി . ഇന്ത്യൻ ഇഞ്ചിക്കും ,ചുക്കിനും ലോക മാർക്കറ്റിൽ വല്ല്യ പ്രാധാന്യമുണ്ട്. പുതുമഴ പെയ്തു ഭൂമി തണുക്കുന്നതോടെ ഇഞ്ചിക്കൃഷി ചെയ്യാൻ നിലമൊരുക്കാം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. ജൈവാംശം, വളക്കൂറ്, നീർവാഴ്ച്ച,വായുസഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്. മണ്ണിളക്കം നന്നായി വരുന്ന വിധം ഉഴുതു കിളച്ചോ ഏകദേശം 25 cm ഉയരത്തിൽ തടമെടുത്താൽ മഴക്കാലത്തെ വെള്ളക്കെട്ടിൽ നിന്നും സംരക്ഷണമാകും. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലം ഉണ്ടായിരിക്കണം. തടത്തിൽ 25 cm * 25 cm അകലത്തിൽ ചെറിയ കുഴിയെടുത്തു വിത്ത് 5 cm താഴ്ത്തി നടണം . ഇഞ്ചികൃഷിയിൽ എകദേശം 40% ചിലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു. മുളവന്ന 30 -40 ഗ്രാം ഭാരമുള്ള വിത്താണ് ഒരു കുഴിയിലേക്ക് ഉപയോഗിക്കേണ്ടത്. വിത്ത് നട്ടു മണ്ണിട്ട് മൂടിയതിനു ശേഷം പച്ചില കൊണ്ട് തടങ്ങൾ മൂടണം. ഇത് ജലസംഭരണ ശേഷി കൂട്ടാനും മേൽമണ്ണ് ഒലിച്ചുപോകാതിരിക്കാനും,വരൾച്ചയെ എതിരിടാനും സഹായിക്കും. ഏക്കറൊന്നിന് 12 ടൺ ജൈവവളം വീതം നൽകണം. ഇത് 3 -4 ജൈവവളങ്ങൾ കൂട്ടിക്കലർത്തി നൽകുന്നതാണ് ഏറെ ഫലപ്രദം.
ഇഞ്ചി നാട്ടു 7 -8 മാസങ്ങൾ കഴിയുമ്പോൾ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങുന്നു. അതാണ് വിളവെടുപ്പിന് അനുകൂല സമയം. നാടൻ വിത്തിനനഗല്ക് പുറമെ കേന്ദ്ര സുഗന്ധ വിള സ്ഥാപനവും, കാർഷിക സർവകലാശാലയും പ്രത്യുല്പാദന ശേഷിയുള്ള പുതിയ സങ്കരയിനം ഇഞ്ചിവിത്തുകൾ ഉല്പാദിപ്പിച്ചിട്ടുണ്ട് . ഇഞ്ചി നട്ടു 7 -8 മാസത്തിൽ വിളവെടുക്കാം.
മഞ്ഞൾ
സൂര്യപ്രകാശമോ, പരിചരണമോ ഒന്നും അധികം ആവശ്യമില്ലാത്ത ഒരു ഹൃസ്വകാല വിലയാണ് മഞ്ഞൾ. ഏപ്രിൽ, മെയ് മാസങ്ങൾ ആണ് മഞ്ഞൾ നടാൻ അനുയോജ്യമായ സമയം. മഞ്ഞൾ വിത്ത് നടുന്നതിന് മുൻപ് ചാണക വെള്ളത്തിലോ , സ്യൂഡോമോണസ് ലായനിയിലോ മുക്കി തണലത്തു സൂക്ഷിക്കുന്നത് മഞ്ഞൾ കേടുകൂടാതെ കരുത്തോടെ വളരാൻ സഹായിക്കും. സ്ഥലം നന്നായി കിളച്ചു പരുവപ്പെടുത്തി തടങ്ങൾ എടുത്താണ് മഞ്ഞൾ നടേണ്ടത്. തടങ്ങൾക്കു 3 മീറ്റർ നീളവും, 1.2 മീറ്റർ വീതിയും , 25 cm ഉയരവും ആകാവുന്നതാണ്. തടങ്ങൾ തമ്മിൽ ഇടയകലം 40 cm ആയിരിക്കണം. തടത്തിൽ 25 cm അകലത്തിൽ നിരനിരയായി 5 cm മുതൽ 10 cm വരെയുള്ള കുഴികളെടുത്തു ചാണകപ്പൊടി വിതറിയ ശേഷം വിത്ത് നടാവുന്നതാണ്. പല കാരണത്താലും വളക്കൂറ് കുറഞ്ഞ മണ്ണിൽ വളപ്രയോഗം നടത്തിയാലേ ഉയർന്ന വിളവ് ലഭിക്കുകയുള്ളു. ഏക്കറൊന്നിന് 165 ടൺ എന്നതോതിൽ കന്നുകാലി വളമോ , കമ്പോസ്റ്റോ , നിലമൊരുക്കുന്ന സമയം അടിവളമായി ചേർക്കുകയോ നട്ടതിനു ശേഷം വിതറിക്കൊടുക്കയോ ചെയ്യുന്നത് നല്ലതാണ് .
ജനുവരി മാസം മുതൽ മാർച്ച് മാസം വരെയാണ് വിളവെടുപ്പ് കാലം. നട്ട് 7 -10 മാസത്തിനിടയിൽ വിളവെടുപ്പിന് പാകമാകും. ചെടിയുടെ ഇലകൾ മഞ്ഞളിച്ചു ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാവുന്നതാണ്.
വാഴ
സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തിൽ വരെ സ്ഥിതിചെയ്യുന്ന ആർദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴ കൃഷിക്ക് ഏറ്റവും അനുയോജ്യം. കൃഷിക്കാലം മഴയെ ആശ്രയിച്ചു ഏപ്രിൽ-മെയ് മാസങ്ങളിലും , ജലസേചിത വിളയായി ആഗസ്ത് -സെപ്റ്റംബർ മാസങ്ങളിലും നടാം. നല്ല മഴക്കാലത്തും,കടുത്ത വേനലിലും വാഴ നടാൻ പാടില്ല. കുലവെട്ടിക്കഴിഞ്ഞ വാഴകളിൽ നിന്നുമാണ് നാടൻ ഉപയോഗിക്കുന്ന കന്നു വേർതിരിച്ചെടുക്കുന്നത് . മണ്ണ് നന്നായി ഉഴുതോ ,കിളച്ചോ നിലമൊരുക്കി കുഴിയെടുത്താണ് വാഴ നടുന്നത്. മണ്ണിന്റെ തരം ,വാഴയിനം , ഭൂഗർഭ ജലനിരപ്പ് എന്നിവയനുസരിച്ചു കുഴിയുടെ വലുപ്പം വത്യാസപ്പെടും. പൊതുവെ 50 cm * 50 cm അളവിലുള്ള കുഴികളാണ് ശുപാർശ ചെയ്തിട്ടുള്ളത്. സാധാരണ രീതിയിൽ വാഴക്കുഴികൾ തമ്മിൽ 2 *2 മീറ്റർ അകലം ഉണ്ടായിരിക്കണം. കമ്പോസ്റ്റ് , ചാണകം/ പച്ചിലവളം എന്നിവ 10 kg എന്ന തോതിൽ നടീൽ സമയത്തു മണ്ണിൽ ചേർന്ന് കൊടുക്കണം. വാഴ നട്ട് 2 -)മത്തേയും 4 -)മത്തേയും മാസങ്ങളിൽ 2 തുല്യ അളവുകളിൽ ജൈവവളങ്ങൾ ചേർത്ത് നൽകുന്നത് നല്ലതാണ്. കുലകൾ വിരിയുന്നത് വരെ ഉണ്ടാകുന്ന കന്നുകൾ മാതൃവാഴക്ക് ദോഷം വരാത്ത രീതിയിൽ നശിപ്പിക്കേണ്ടതാണ്. നട്ട് 9 -10 മാസത്തിനുള്ളിൽ മിക്ക വാഴകളും വിളവെടുക്കാൻ പാകമാകും.
കോലിഞ്ചി
ഇഞ്ചിയുടെ വർഗത്തിൽപ്പെട്ട ഒരു കാട്ടുചെടിയാണ് കോലിഞ്ചി. മലഞ്ചരക്ക് വിഭാഗത്തിൽപെട്ട കോലിഞ്ചി അന്താരാഷ്ട്ര മാർക്കറ്റിൽ നല്ല വില ലഭിക്കുന്ന ഒന്നാണ്. വളരെ വേഗം വളരുന്ന കോലിഞ്ചി ചെടിക്ക് 7 അടിയോളം പൊക്കം വക്കും. 3 വർഷമാണ് കോലിഞ്ചിയുടെ വിളവെടുപ്പുകാലം. ജൂൺ ജൂലൈ മാസങ്ങളാണ് കൃഷി തുണ്ടങ്ങാൻ അനുയോജ്യമായ സമയം. ഇതിനായി 2 മീറ്റർ അകാലത്തിൽ കുഴികളുണ്ടാക്കി അഞ്ചോ ആറോ വിത്തുകൾ നട്ടാൽ 6 മാസം കൂടുമ്പോൾ ഏതെങ്കിലും ജൈവവളം ചെയ്താൽ മതിയാകും. സാധാരണ ഇഞ്ചിയിൽ നിന്നും വ്യത്യസ്തമായി അതി രൂക്ഷ ഗന്ധമുള്ള കിഴങ്ങുകൾ ആയതിനാൽ കീടങ്ങളുടെയും മൃഗങ്ങളുടെയും ആക്രമണം ഇതിൽ ഉണ്ടാകില്ല. പറിച്ചെടുത്ത കോലിഞ്ചി തൊലികളഞ്ഞു ഉണക്കിയാണ് മാർക്കറ്റിൽ എത്തിക്കുക. കോലിഞ്ചി പല ആയുർവേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നു.
പച്ചക്കറികൾ
ഇടവിളയായി കാബേജ്, കറിവേപ്പ്, മുരിങ്ങ, കോവൽ, മത്തൻ, മുളക്, വെണ്ട, തക്കാളി, പയർ, വഴുതന, പാവൽ, തുടങ്ങിയ പച്ചക്കറികൾ കൃഷിചെയ്യാവുന്നതാണ് .